Saturday 17 October 2015

അജ്ഞതയുടെ നിഴൽപ്പാടുകൾ ...!

നീണ്ട പത്തു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വീട്ടിലെത്തിയപ്പോൾ മനസാകെ ശാന്തമായ പോലെ.... തന്റെ പൂർവികരുടെ ആഡ്യത്വം നിറഞ്ഞു തുളുമ്പുന്ന പുരാതനമായ തറവാട്... അതിന്റെ പടിഞ്ഞാറേയോരത്ത് നീണ്ടു നിവർന്നു കിടക്കുന്ന തെങ്ങിന്തോപ്പുകൾ ... അവയ്ക്ക് തൊങ്ങൽ ചാർത്തുന്ന മണലോരം... അവിടേയ്ക്കെത്താൻ എന്റെ മനസ്സു തുടിച്ചു... 

ഉമ്മറത്തു കൂടി നാലുകെട്ടിന്റെ തളത്തിലേക്കിറങ്ങി. തെക്ക് വശത്തെ കിളിവാതിലിലൂടെ കടന്ന് പടിഞ്ഞാറെ ചിറയിൽ എത്തിയപ്പോൾ പൊടുന്നനെ അന്തരീക്ഷം ഊർജ്ജസ്വലവും പ്രകാശപൂരിതവുമായി. പടിഞ്ഞാറു നിന്നും വീശുന്ന മന്ദമാരുതന്റെ ശീതളമായ കരങ്ങൾ എന്നെ സ്നേഹത്തോടെ തലോടിക്കൊണ്ടിരുന്നു. ആ ആലസ്യത്തിൽ മറ്റൊന്നും അറിയാതെ അവിടുത്തെ ഏകാന്തതയിൽ ലയിച്ചിരുന്നു. 

"സുധി..." വളരെ സുപരിചിതമായ എന്നോ കേട്ടു മറന്ന ആ ശബ്ദം, ഏകാന്തധ്യാനത്തിൽ നിന്നും എന്നെ ഉണർത്തി. ഞെട്ടലോടെ തിരിഞ്ഞു നോക്കിയ എനിക്ക് എന്റെ കണ്ണുകളെ തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല. 

മീര...! അവൾ വളരെ മാറിയിരിക്കുന്നു, രൂപത്തിലും ഭാവത്തിലുമെല്ലാം ... ആരേയും കൈവിടാത്ത കാലം അവളിലും തന്റെ കരവിരുത് കാട്ടിയിരിക്കുന്നു. നെറ്റിയിലും കവിളിലും അങ്ങിങ്ങായി കറുത്ത പാടുകൾ. നെറ്റിത്തടങ്ങളിൽ നേർത്ത വരകൾ കാണാം. അനുസരണയില്ലാതെ പടർന്നു കിടക്കുന്ന മുടികളിൽ അങ്ങിങ്ങായി വെള്ളിക്കമ്പികൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. എങ്കിലും ആ കുസൃതി കലർന്ന ചിരിക്കും ഭാവത്തിനും ഒട്ടും മങ്ങലേറ്റിട്ടില്ല.  

തന്റെ വിസ്മയം നിറഞ്ഞ കണ്ണുകളിലേക്ക് ഇമവെട്ടാതെ നോക്കിക്കൊണ്ട്‌ അവൾ ചോദിച്ചു, " എന്തേ സുധീ, മറന്നോ... ഇതു ഞാൻ തന്നെ മീര, സുധിയുടെ കൂട്ടുകാരി ... സുധി വന്നിട്ടുണ്ടെന്നറിഞ്ഞു, ഒന്നു കാണാമെന്ന് കരുതി.... " 

മറക്കാനോ, ഈ ജന്മത്തിൽ അതിനു കഴിയുമെന്ന് തോന്നുന്നില്ല എന്ന വാക്കുകൾ തൊണ്ടയിൽ കുരുങ്ങിക്കിടന്ന് പകരക്കാരനായി മനസ്സിന്റെ ഉള്ളറയിൽ നിന്നൊരു തേങ്ങലാണ് പുറത്തേക്ക് വന്നത്.... പൊടുന്നനെ അന്തരീക്ഷം തികച്ചും മൂകമായി, പ്രകാശം മിന്നി മറഞ്ഞു, തന്നെ തലോടിക്കൊണ്ടിരുന്ന മന്ദമാരുതനും എങ്ങോ പോയൊളിച്ചു. അപ്പോഴേക്കും മീരയോടൊപ്പം കൗമാരത്തിലേക്ക് ഞാൻ എത്തിക്കഴിഞ്ഞിരുന്നു. 

ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലഘട്ടം... അന്നൊക്കെ എന്നും സന്ധ്യയ്ക്ക് ഇവിടെ വന്നിരുന്ന് സ്വപ്നങ്ങളെ താലോലിച്ചു സമയം ചിലവഴിക്കുന്നത് ഒരു പതിവായിരുന്നു. എങ്കിലും, ആ ദിവസം ഇവിടെ ഏറെ നേരം കഴിയാൻ എനിക്കായില്ല.... ഇഷ്ടസ്വപ്‌നങ്ങൾ , നഷ്ടസ്വപ്നങ്ങളാകുന്ന നിമിഷങ്ങൾ .... അവയുടെ കയ്പു നിറഞ്ഞ ജല്പനങ്ങൾ, അതിന്റെ നൊമ്പരങ്ങൾ.... അതൊന്നും അന്നോളം അറിഞ്ഞിട്ടില്ലാത്ത പുതിയൊരനുഭവം തന്നെയായിരുന്നു എനിക്ക്....!


"മോനേ, സുധീ... വാ ഊണു കഴിക്കാം ..." അകായിൽ നിന്നും അമ്മയുടെ വാത്സല്യം തുളുമ്പുന്ന സ്വരം കാതുകളിൽ ഇപ്പോഴും... 


"ഇപ്പോൾ വേണ്ടമ്മേ... " എന്നു പറയുമ്പോൾ വാക്കുകൾ ഇടറാതിരിക്കാൻ ശ്രദ്ധിച്ച് തളത്തിലേക്ക് വേഗത്തിൽ നടന്നെങ്കിലും അമ്മയിൽ നിന്നത് മറയ്ക്കാൻ എനിക്കായില്ല. 


"എന്തു പറ്റി എന്റെ കുട്ടന്.... സുഖമില്ലേ .... " അമ്മയുടെ കണ്ണുകളിലും വാക്കുകളിലും ആകാംക്ഷ നിറഞ്ഞു. 


"അതല്ല അമ്മേ, വിശപ്പില്ല... " എന്നു പറഞ്ഞൊഴിയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.


"വിശപ്പില്ലേ...? അതിന് മോൻ ഉച്ചയ്ക്കും ഒന്നും കഴിച്ചില്ലല്ലോ ...? " അമ്മയുടെ വേവലാതി കണ്ടപ്പോൾ മറുത്തൊന്നും പറയാതെ തീൻമേശയുടെ ഒരു കോണിൽ ചടഞ്ഞിരിക്കേണ്ടി വന്നു. 


എല്ലാവരും കൂടി ഒന്നിച്ചിരുന്ന് ആഹാരം കഴിക്കണമെന്നത് അച്ഛനു നിർബന്ധമായിരുന്നു. പരസ്പര പങ്കുവെപ്പിനും ബന്ധങ്ങളുടെ കെട്ടുറപ്പിനും അത് ഉതകുമെന്നായിരുന്നു അച്ഛന്റെ നിഗമനം. അച്ഛന്റെ ഓരോ വാക്കും വേദവാക്യം പോലെ പരിപാലിച്ചിരുന്ന അമ്മ അതൊരിക്കലും തെറ്റിച്ചിട്ടില്ല. ഒരു പക്ഷേ, ആ കാലഘട്ടത്തിന്റെ പ്രത്യേകതയോ അതോ അമ്മ വളർന്നു വന്ന സാഹചര്യമോ അല്ലെങ്കിൽ അച്ഛനോടുള്ള അമ്മയുടെ അതിരു കടന്ന ബഹുമാനമോ എന്താണെന്ന് അറിയില്ല, അമ്മ അങ്ങിനെയായിരുന്നു.... 


എന്റെ പാത്രത്തിലേക്ക് ചോറു വിളമ്പിക്കൊണ്ട് അമ്മ പറഞ്ഞു, " കുറച്ചെങ്കിലും കഴിച്ചിട്ട് മോൻ വേഗം ഉറങ്ങിക്കോളൂ, നാളെ രാവിലെ നമുക്കെല്ലാവർക്കും കൂടി മീരയുടെ കല്യാണത്തിനു പോകണം... "


മീരയുടെ കല്യാണം...!! എരിതീയിൽ എണ്ണയെന്ന പോലെ ആ വാക്കുകൾ ആളിക്കത്തിക്കൊണ്ട് എന്റെ നൊമ്പരങ്ങൾക്ക് ആഴം കൂട്ടി....


മീര ... ആദ്യത്തെയും അവസാനത്തെയും പ്രണയം.... അമ്മയുടെ ബാല്യകാല സഖിയുടെ മകൾ. വർഷങ്ങൾക്കു മുൻപ് പട്ടണത്തിൽ പഠിക്കാൻ പോകുമ്പോൾ വല്ലാത്ത ഏകാന്തതയായിരുന്നു. ആദ്യമായി വീട്ടിൽ നിന്നും മാറി നില്ക്കുന്നതിന്റെ വേദനയും .... പുതിയ കോളേജും സഹപാഠികളും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ നാട്ടിൻപുറത്തുകാരനായ തനിക്കു കഴിഞ്ഞിരുന്നില്ല. അന്നൊക്കെ അമ്മയിൽ നിന്നും അകന്നു കഴിയുന്നതു തന്നെ ദുസ്സഹമായിരുന്നു, ഒപ്പം വിരസതാത്മകവും .... അങ്ങിനെ വിരസതയുടെ കല്ലറയിൽ കഴിഞ്ഞിരുന്ന കാലം, അതിൽ നിന്നും എനിക്ക് കിട്ടിയ പുനർജജന്മമായിരുന്നു മീര...! ഏകാന്തതയുടെ വിരസതയ്ക്ക് വിരാമമിട്ടു കൊണ്ട്‌ എന്റെ ജീവിതത്തിലേക്ക് ഒരു മാലാഖയെപ്പോലെ അവൾ കടന്നു വന്നു, എന്നിൽ സ്വപ്നങ്ങളുടെ വർണങ്ങൾ നിറച്ചു ....

നാളെ പുലർച്ചയോടു കൂടി അവൾ തനിക്കു എന്നന്നേക്കുമായി നഷ്ടപ്പെടുകയാണ്. താനിതെങ്ങിനെ സഹിക്കും...?

തന്നെപ്പോലെ തന്നെ ഒരു പക്ഷേ അവളുടെ ഹൃദയവും ഇപ്പോൾ വിങ്ങിപ്പൊട്ടുന്നുണ്ടാകുമോ ...? അതോ അവളുടെ സ്നേഹം വെറും പൊള്ളത്തരമായിരുന്നോ ....?   ഇത്ര വേഗം അവൾക്ക് തന്നെ മറക്കുവാൻ കഴിഞ്ഞുവോ...? അങ്ങിനെ പല പല ചിന്തകൾ എന്നിലൂടെ ഒഴുകിക്കൊണ്ടിരുന്നു... 

മീരയുടെ കത്തിലെ വരികൾ ഇപ്പോഴും മനസ്സിൽ തെളിഞ്ഞു നിൽപ്പുണ്ട്. "സുധിയുടെ പിണക്കം മാറിയിട്ടുണ്ടാകുമെന്നു കരുതുന്നു. എത്രയും വേഗം ഇവിടെ വരെ ഒന്നു വരണം. വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്‌. ഉപേക്ഷ വിചാരിക്കരുത്. കത്തിലൂടെ പറയാൻ പറ്റില്ല.... " 

അവളോടു പിണങ്ങിയായിരുന്നല്ലോ അവസാനം പിരിഞ്ഞത്. ഏതൊരു പ്രണയത്തിലെയും  പോലെ തങ്ങൾക്കിടയിലും പിണക്കങ്ങളും പരിഭവങ്ങളും പതിവായിരുന്നു. എങ്കിലും കത്തു കിട്ടിയ ഉടനെ അവളുടെ അടുത്തെത്താൻ തിടുക്കപ്പെട്ടു ....  

ബസ്സിറങ്ങി മീരയുടെ വീട്ടിലേക്കു നടക്കുമ്പോൾ വിവിധ ചിന്തകളായിരുന്നു മനസ്സിൽ. എന്തായിരിക്കാം ഇത്രയ്ക്ക് പ്രധാനപ്പെട്ട കാര്യം, ഇനി വല്ല കല്യാണാലോചനയും .... ഏയ്, അതാവാൻ വഴിയില്ല, അതിനുള്ള പ്രായം അവൾക്കായില്ലല്ലോ , അവൾ പ്രീഡിഗ്രി കഴിഞ്ഞതല്ലേയുള്ളൂ ... 

പലതും ആലോചിച്ച് വേവലാതിപ്പെട്ടും സ്വയം ആശ്വസിക്കാൻ ശ്രമിച്ചും മീരയുടെ വീടെത്തിയത് അറിഞ്ഞില്ല. 

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാവണം, അടുക്കളപ്പുറത്തെ കിണറിനടുത്തു കൂടി മീര ഓടിയെത്തി. എപ്പോഴും പ്രസന്നവതിയായിരുന്ന അവളിൽ ഏതോ വലിയ പ്രതിസന്ധിയിൽ അകപ്പെട്ട പോലെയുള്ള വിഷാദം നിറഞ്ഞു നിന്നിരുന്നത്, എന്റെ സംശയങ്ങളുമായി ചേർന്നു നിന്ന് എന്നെയും തളർത്തി . എന്താണുണ്ടായത് എന്നു ചോദിയ്ക്കാൻ തുനിയുമ്പോഴേക്കും സ്നേഹാർദ്രമായ ആ നയനങ്ങളിൽ നിന്നും നീർമുത്തുകൾ കവിളിലേക്ക് ഊർന്നു വീണു. ഒരു വിങ്ങിപ്പോട്ടലോടെ അവൾ പറഞ്ഞു തുടങ്ങി, " സുധി, എല്ലാം ആകെ കുഴപ്പത്തിലാണ്. എന്റെ കല്യാണം ചേട്ടന്മാരൊക്കെ കൂടി നിശ്ചയിച്ച മട്ടാണ്. ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലിൽ ഡോക്ടറാണത്രേ.... അയാൾക്ക് എന്നെ അത്രയ്ക്ക് പിടിച്ചു പോലും, സ്ത്രീധനമോ പൊന്നോ ഒന്നും വേണ്ടാന്നും പറഞ്ഞൂത്രേ.... സുധിയെ അല്ലാതെ മറ്റാരെയും എനിക്ക് വേണ്ട. നമുക്ക് എങ്ങോട്ടെങ്കിലും ഓടിപ്പോകാം സുധീ.... "

പ്രതീക്ഷിച്ചതായിരുന്നെങ്കിൽ പോലും ആ വാർത്ത എന്നെ വല്ലാതെ ഞെട്ടിച്ചു, വേദനിപ്പിച്ചു...

അല്ലെങ്കിൽ തന്നെ സുന്ദരിയായ മീരയെ ആർക്കാണ് ഇഷ്ടപ്പെടാത്തത്.... എങ്കിലും എങ്ങു നിന്നോ ആലോചനയുമായി വന്ന ആ ഡോക്ടറോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. 

ആദ്യത്തെ സങ്കടവും വേദനയും ഒന്നടങ്ങിയപ്പോൾ,  മനസ്സ് പോംവഴികൾ കണ്ടെത്താൻ ശ്രമിച്ച് പരാജയപ്പെട്ടു. ചേട്ടന്മാരേയും കുറ്റം പറയാനാവില്ലല്ലോ... കുഞ്ഞനുജത്തിയുടെ നല്ല ഭാവി കാംക്ഷിക്കുന്ന ഏതു ചേട്ടന്മാരും അങ്ങിനെയല്ലേ തീരുമാനിക്കൂ... പ്രത്യേകിച്ചും സാമ്പത്തികമായി വളരെയേറെ പരാധീനതകൾ ഉള്ളപ്പോൾ... 

സുധിയെ അല്ലാതെ മറ്റാരേയും വേണ്ട, നമുക്ക് എങ്ങോട്ടെങ്കിലും ഓടിപ്പോകാം ... എന്നൊക്കെ അവൾ പറഞ്ഞു കൊണ്ടിരുന്നെങ്കിലും അതൊട്ടും പ്രായോഗികമായിരുന്നില്ല എന്നെനിക്ക് അറിയാമായിരുന്നു. സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവോ പ്രാപ്തിയോ ആയിട്ടില്ലാത്ത തനിക്കതിനു എങ്ങിനെ കഴിയാൻ.... !! എങ്കിലും " പിടിച്ചു നില്ക്കുക....." എന്നു മാത്രം പറഞ്ഞാണ് അന്ന് പടിയിറങ്ങിയത്.

                                        

                     ****************************************************


"പകൽക്കിനാവ് കാണുന്ന ആ പഴയ ശീലം ഇപ്പോഴും മാറിയിട്ടില്ല അല്ലേ, ആരാണാവോ ഇക്കുറി...?" മീരയുടെ കുസൃതി കലർന്ന ചോദ്യം എന്നെ വർത്തമാന കാലത്തിലേക്ക് തിരിച്ചെത്തിച്ചു.

"സംശയിക്കേണ്ട മീര തന്നെ..." യാന്ത്രികമായി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

"അതേയോ.... എന്താണാവോ എന്നെക്കുറിച്ച്... !! മീരയുടെ കണ്ണുകളിൽ ആകാംക്ഷ നിറഞ്ഞു. 

"സുധിയെ അല്ലാതെ മറ്റാരെയും എനിക്കു വേണ്ട... നമുക്ക് എങ്ങോട്ടെങ്കിലും ഓടിപ്പോകാം എന്നൊക്കെ പറഞ്ഞ മീരയ്ക്ക് എങ്ങിനെ മറ്റൊരാളെ വിവാഹം ചെയ്യാൻ സാധിച്ചു...? " എന്നെ എന്നും അലട്ടിക്കൊണ്ടിരുന്ന ആ നിഗൂഡ സമസ്യക്ക് ഉത്തരം തേടി ഞാൻ അവളെ നോക്കി. 

എന്റെ പ്രതീക്ഷകൾക്കപ്പുറമായിരുന്നു മീരയുടെ പ്രതികരണം.

"എനിക്കറിയാമായിരുന്നു, എന്നെങ്കിലും സുധി ഇതെന്നോട് ചോദിക്കുമെന്ന്... പലവട്ടം ഞാൻ തന്നെ എന്നോട് ചോദിച്ചിട്ടുണ്ട്, ഉത്തരമില്ലാത്ത ഈ ചോദ്യം.... അതങ്ങിനെ ഒരു ചോദ്യ ചിഹ്നമായി ഇന്നും തുടരുന്നു സുധീ...."  ഇടറിപ്പോയ വാക്കുകളെ പിടിച്ചു കെട്ടാനാവണം , ഒരു നിമിഷം അവൾ മൗനിയായി... പിന്നെ വീണ്ടും തുടർന്നു, " ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ ഒരനുഗ്രഹമായി തീരാറുണ്ട് പലപ്പോഴും. അങ്ങിനെയൊന്നായി തന്നെ ഇതുമിരിക്കട്ടെ സുധീ... "

"സമസ്യകൾ ഉണ്ടായാലേ ചിന്തകളുണ്ടാവൂ, എങ്കിലേ ജീവിതത്തിനു നിലനിൽപ്പുള്ളൂ.... സുധിയിൽ ഞാനിന്നും നിലനില്ക്കുന്നത് ഈയൊരു സമസ്യയിലൂടെ മാത്രമല്ലേ... ഇതില്ലായിരുന്നുവെങ്കിൽ , അല്ലെങ്കിൽ ഇതിന്റെ ഉത്തരം സുധിക്കു കിട്ടിയിരുന്നുവെങ്കിൽ ഞാൻ ഇല്ലാതാകുമായിരുന്നില്ലേ... ഇങ്ങിനെയെങ്കിലും ഞാൻ സുധിയിൽ ജീവിച്ചോട്ടെ പ്ലീസ്... " മീര വീണ്ടും വാചാലയായി. "ഒരു സ്വർണ്ണക്കൂട്ടിലെ വേഴാമ്പൽപ്പക്ഷിയാണ് ഞാൻ... ഒരിറ്റു സ്നേഹത്തിനു വേണ്ടി നോമ്പിരിക്കുന്ന വേഴാമ്പൽപ്പക്ഷി...! പറക്കാൻ കഴിയാത്ത, പറന്നകലാൻ കഴിയാത്ത പക്ഷി... ഭർത്താവിന്റെയും മക്കളുടെയും തടവറയിൽ നിന്നും മോചനമില്ലാത്ത പക്ഷി....!! ക്ഷമിക്കണം സുധീ, സുധിയോടല്ലാതെ മറ്റാരോടാണ് ഞാൻ ഇതൊക്കെ പറയുക...! " ഒരു തേങ്ങലിന്റെ ഇടവേളയോടെ മീര പറഞ്ഞു നിർത്തുമ്പോൾ അവിടമാകെ വന്നു നിറഞ്ഞ മൂകത എന്നിലേക്കും നുഴഞ്ഞു കയറി...

മീരയെ കുറ്റപ്പെടുത്താനാവാത്ത മനസ്സ് സ്വയം സമാധാനിക്കാൻ ശ്രമിച്ചു. നമ്മൾ ഓരോന്ന് മനസ്സിൽ തീരുമാനിക്കും. ചെയ്യും. പിന്നെ, അതൊക്കെ തെറ്റായിരുന്നുവെന്ന് തോന്നും. അപ്പോഴേക്കും അതിന്റെ പാർശ്വഫലങ്ങൾ ഒരിക്കലും തിരിച്ചെത്താൻ കഴിയാത്ത ദൂരത്തിലേക്ക് പോയിട്ടുണ്ടാവും. വിധിയെന്ന സഞ്ചിതകർമ്മങ്ങൾ ഒരിക്കലും തിരുത്തപ്പെടാൻ കഴിയില്ലെങ്കിൽ അവയൊക്കെ പ്രാരാബ്ദകർമ്മങ്ങളായി സംസാരമാകുന്ന നടുക്കടലിൽ കടിഞ്ഞാണില്ലാത്ത ഓളങ്ങളായി ഉഴറുന്നുണ്ടാവും.

"സമയം വളരെയായി സുധീ, ഏഴു മണിക്കു മുമ്പ് വീട്ടിലെത്തണം, ഇല്ലെങ്കിൽ അതുമതി അടുത്ത ഭൂകമ്പത്തിന്... വരട്ടെ, ഇനിയൊരിക്കൽ കാണാം..." എന്നു പറഞ്ഞു കൊണ്ട് അവൾ ധൃതിയിൽ നടന്നു നീങ്ങി....

അപ്പോൾ, പടിഞ്ഞാറെ ചക്രവാളത്തിൽ , സ്വന്തം കാമുകിയായ ഭൂമിയോട് മനസ്സില്ലാമനസ്സോടെ വിടപറയുന്ന സൂര്യനെപ്പോലെ എന്റെ മനസ്സും മീരയോട്‌ വിട പറയുകയായിരുന്നു... !!